കുട്ടികളുടെ യാത്രസമയം വീട്ടിലിരുന്ന് നിരീക്ഷിക്കാം; സ്‌കൂൾ ബസുകളിൽ ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നു

തിരുവനന്തപുരം: സ്‌കൂൾ ബസുകളിൽ ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായാണ് പുതിയ നടപടി ആവിഷ്‌ക്കരിക്കുന്നത്. ‘വിദ്യാവാഹിനി’ എന്നാണ് ആപ്പിന് നൽകിയിരിക്കുന്ന പേര്. കുട്ടികളുടെ യാത്രസമയം ഈ ആപ്പിലൂടെ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാൻ കഴിയുന്നതാണ്.

ടോൾ ഫ്രീ നമ്പറും ആപ്പിന്റെ ഭാഗമായി ഏർപ്പെടുത്തും. കെഎസ്ആർടിസി ബസുകളുടെ സമയക്രമം ജിപിഎസ് അധിഷ്ഠിതമായി ഡിജിറ്റൈസ് ചെയ്യുന്നതിനു റൂട്ട് മാനേജ്‌മെന്റ് സിസ്റ്റവും നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. പൊതുയാത്രാ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ബസുകളുടെ സമയ ക്രമം മൊബൈൽ ആപ്പിൽ അറിയാൻ കഴിയും.

വിദ്യാർത്ഥികൾക്കു രാവിലെ സ്‌കൂളിൽ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്‌കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും ഈ ആപ്ലിക്കേഷനിലൂടെ മനസിലാക്കാൻ കഴിയും. ഗതാഗത വകുപ്പിന്റെ സെർവറുമായി സ്‌കൂൾ ബസുകളെ ജിപിഎസ് വഴി ബന്ധിപ്പിക്കും. 20,000 സ്‌കൂൾ ബസുകളാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ഇതിൽ പതിനാലായിരത്തോളം ബസുകൾ ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കി ജിപിഎസ് ഘടിപ്പിച്ച് നിരത്തിലിറങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൽ വ്യക്തമാക്കുന്നത്.