ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷം മാത്രം 44 മുൻനിര കമാൻഡർമാരെ വധിച്ചുവെന്ന് കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്. ജമ്മുവിലെ ഒരു ജില്ലയൊഴികെ ബാക്കി എല്ലാ ജില്ലകളിൽ നിന്നും തീവ്രവാദികളെ തുടച്ചു നീക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ഇനി ശേഷിക്കുന്ന ജില്ലയിൽ മൂന്ന് നാല് ഭീകരരാണുള്ളത്. ഭീകരരെ തുടച്ചു നീക്കാനുള്ള നടപടികൾ അവിടെയും സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജമ്മു കശ്മീരിൽ ഇനി തീവ്രവാദികളുടെ ഉയർന്ന കമാൻഡർമാർ ആരും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുവാക്കൾ ഉൾപ്പടെയുള്ള നാട്ടുകാരുടെ പിന്തുണയാൽ ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ജമ്മുവിൽ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിൽ യുവാക്കൾ വലിയ പങ്കാണ് വഹിക്കുന്നത്. സമാധാനം ഇല്ലാതാക്കാനുള്ള പാക് ശ്രമങ്ങളെ നേരിടാൻ സുരക്ഷാ സേനക്കൊപ്പം പോലീസും മുന്നിട്ടിറങ്ങുന്നു. ഇപ്പോൾ തീവ്രവാദ നിരയിൽ ചേരാൻ ആഗ്രഹിക്കുന്നവർ തോക്ക് എടുക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കുന്നു. ഇതിനായി തങ്ങൾ യുവാക്കൾക്ക് കൗൺസിലിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

