ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും ഭൂപേന്ദ്ര പട്ടേല്‍; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഗുജറാത്തില്‍ ബിജെപിയുടെ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ ശ്രീകമലത്തില്‍ വച്ചുനടന്ന യോഗത്തിലാണ് പട്ടേലിന്റെ പേര് നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകരായി മുതിര്‍ന്ന ബിജെപി നേതാക്കളായ രാജ്‌നാഥ് സിംഗ്, ബി എസ് യെദ്യൂരപ്പ, അര്‍ജുന്‍ മുണ്ട എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അഹമ്മദാബാദിലെ ഘട്‌ലോദിയ നിയമസഭാ സീറ്റില്‍ നിന്ന് 1.92 ലക്ഷം വോട്ടുകള്‍ നേടിയാണ് പട്ടേല്‍ വിജയിച്ചത്. 182 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടിയാണ് ബിജെപി ഗുജറാത്തില്‍ ചരിത്ര വിജയം നേടിയത്.പട്ടേലിനെ തന്നെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തെ എംഎല്‍മാര്‍ ഐക്യകണ്ഠേന പിന്തുണയ്ക്കുകയായിരുന്നു.

അതേസമയം, കോണ്‍ഗ്രസ് കോട്ടകളായ ഖേഡയിലെ മഹൂദ, തസ്ര, ആനന്ദിലെ ബൊര്‍സാദ്, വ്യാര എന്നിവയായിരുന്നു ഇത്തവണ ബിജെപി നേടിയ പ്രധാന സീറ്റുകള്‍. ഗുജറാത്തിലെ 27 എസ്ടി സംവരണ സീറ്റുകളില്‍ 24ലും ബിജെപി വിജയിച്ചു. 2017ല്‍ ഗുജറാത്തില്‍ ബിജെപി 99 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് 77 സീറ്റ് നേടി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. എന്‍സിപി, ബിടിപി, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ യഥാക്രമം 1, 2, 3 സീറ്റുകള്‍ വീതം നേടിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തിങ്കളാഴ്ച പട്ടേലിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.