ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം ലീഗിന് എൽഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: യുഡിഎഫിലെ അവിഭാജ്യഘടകമാണ് മുസ്ലിം ലീഗെന്ന് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് ഒരു വർഗീയ പാർട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗിനെ കുറിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ പരാമർശങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ലീഗിന് എൽഡിഎഫിലേക്കുള്ള ക്ഷണമായി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം കാണുന്നില്ല. അദ്ദേഹം ഒരു രാഷ്ട്രീയ യാഥാർഥ്യം പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറത്ത് ഒരു രാഷ്ട്രീയ വിലയിരുത്തലായി കാണേണ്ടതില്ലെന്നും മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ലീഗ് വർഗീയപ്പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. വർഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ ഉൾപ്പെടെയുള്ളവരോട് കൂട്ടുകൂടുന്ന സമയത്ത് സിപിഎം മുസ്ലീം ലീഗിനെ വിമർശിച്ചിട്ടുണ്ട്. വർഗീയ നിറമുള്ള പാർട്ടിയെന്നൊക്കെ പറയുന്നത് വ്യത്യാസമുണ്ട്. മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് വർഗീയതയിലേക്ക് എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയ്ക്ക് പിന്നാലെ മുന്നണി മാറ്റ സൂചനയാണിതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതേസമയം, ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലവതരണാനുമതി തേടിക്കൊണ്ട് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചർച്ചയ്ക്കിടെ കോൺഗ്രസിനെതിരെ മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുൾ വഹാബ് വിമർശനമുന്നയിച്ചിരുന്നു. ഇതും വലിയ വാർത്തകൾക്ക് ഇടയാക്കിയിരുന്നു.