കൊച്ചി: വിവാഹത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ബാധകമായ യൂണിഫോം നിയമം അനിവാര്യമാണെന്ന് കേരളാ ഹൈക്കോടതി. മതനിരപേക്ഷ സമൂഹത്തിൽ നിയമപരമായ സമീപനം മതാധിഷ്ഠിതം എന്നതിനപ്പുറം പൊതു നന്മയ്ക്ക് വേണ്ടിയായിരിക്കണമെന്നും പൗരന്മാരുടെ ക്ഷേമവും നന്മയുമായിരിക്കണം ഇവിടെ പരിഗണിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ മതത്തിന് യാതൊരു റോളും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യൂണിഫോം വിവാഹ നിയമം എന്നത് കേന്ദ്ര സർക്കാർ ഗൗരവകരമായി കണക്കിലെടുക്കണം. കോടതിയുടെ സഹായത്തോടെ തർക്കങ്ങൾ പരിഹരിക്കാനുള്ള നിയമമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ടവർക്ക് ബാധകമായ 1869ലെ വിവാഹമോചന നിയമത്തിൽ പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയണം എന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാത്തിരിപ്പ് നിബന്ധന മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നും ഇതിന്റെ പേരിൽ കുടുംബകോടതികൾ അപേക്ഷ നിരസിക്കരുതെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
ഈ നിബന്ധന ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹ മോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു നിർദ്ദേശം നൽകിയത്. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹങ്ങളെ കുറിച്ചാണ് കോടതിയുടെ പരാമർശം.
ദമ്പതികളുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കം ഹർജി തീർപ്പാക്കാനുമാണ് കുടുംബകോടതിക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

