നെതര്‍ലന്‍ഡ്സിനെതിരെയുള്ള രണ്ടാം ക്വാര്‍ട്ടറില്‍ വിജയിച്ച് അര്‍ജന്റീന. ഇരട്ടഗോള്‍ ലീഡ് നേടി മത്സരത്തില്‍ മുന്നിട്ടുനിന്ന മെസ്സിപ്പടയെ വെഗ്ഹോസ്റ്റിനെ സൂപ്പര്‍ സബ്ബായിറക്കി സമനിലയില്‍ കുരുക്കിയ ഡച്ച് ടീമിന് പക്ഷേ ഷൂട്ടൗട്ട് സമ്മര്‍ദ്ദം അതിജീവിക്കാനായില്ല. നാലു അര്‍ജന്റീനന്‍ താരങ്ങള്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മൂന്നു പേരാണ് ഡച്ചപടയില്‍ നിന്ന് ലക്ഷ്യം കണ്ടത്. അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ് കിടിലന്‍ സേവുകളും ഷൂട്ടൗട്ടില്‍ കാഴ്ചവെച്ചു. നാലാമത് കിക്കെടുത്ത എന്‍സോ അവസരം പാഴാക്കിയെങ്കിലും ലൗത്താരോയെടുത്ത അവസാന കിക്ക് സെമിയില്‍ അര്‍ജന്റീനയുടെ ഇടം ഉറപ്പാക്കി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരട്ടഗോള്‍ നേടിയ അര്‍ജന്റീന മുന്നിട്ടുനില്‍ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ മൊളീനയും രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ മെസ്സിയുമാണ് നീലപ്പടക്കായി ഗോള്‍ നേടിയത്. എന്നാല്‍ 78ാം മിനുട്ടില്‍ സബ്ബായി ഇറങ്ങിയ സ്‌ട്രൈക്കര്‍ വൗട്ട് വെഗ്‌ഹോസ്റ്റ് 83ാം മിനുട്ടില്‍ ഓറഞ്ച് പടയ്ക്ക് ആദ്യ ഗോള്‍മധുരം നല്‍കി. രണ്ടാം വട്ടവും നെതര്‍ലന്‍ഡ്‌സിനെ തുണച്ചത് അദ്ദേഹം തന്നെയായിരുന്നു. രണ്ടാം പകുതിയുടെ അധികസമയത്ത് കൂംപനേഴ്‌സിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 73ാം മിനുട്ടില്‍ അര്‍ജന്റീന രണ്ടാം ഗോള്‍ നേടിയ ശേഷമാണ് സൂപ്പര്‍ സബ്ബെന്ന് വിളിക്കാവുന്ന വെഗ്‌ഹോസ്റ്റ് ഇറങ്ങിയത്. ഡീപേയ്ക്ക് പകരമായാണ് താരം 78ാം മിനുട്ടില്‍ ഇറങ്ങിയത്. തുടര്‍ന്ന് 83ാം മിനുട്ടില്‍ ബെര്‍ജിസായിരുന്നു അസിസ്റ്റില്‍ നിന്ന് ഡച്ചുകാര്‍ക്കായി ആദ്യ ഗോള്‍ നേടുകയായിരുന്നു.
രണ്ടാം പകുതിയില്‍ 73ാം മിനുട്ടിലാണ് മെസ്സി പെനാല്‍ട്ടിയിലൂടെ ഗോളടിച്ചത്. അക്യൂനയെ ബംഫ്രിസ് വീഴ്ത്തിയതിനാണ് പെനാല്‍ട്ടി ലഭിച്ചത്. 38ാം മിനുട്ടില്‍ നായകന്‍ ലയണല്‍ മെസ്സിയുടെ പാസിലാണ് മൊളീന വലകുലുക്കിയത്. മത്സരത്തില്‍ ഇരുടീമുകളും പ്രതിരോധത്തില്‍ ഊന്നിയാണ് കളിച്ചിരുന്നത്. എന്നാല്‍ മെസ്സിയുടെ ഇടപെടല്‍ മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. ഗോളി നോപ്പെര്‍ട്ടിനും ബ്ലിന്‍ഡിനുമിടയിലൂടെ മൊളീന പന്ത് വലയിലെത്തിച്ചു. അതിനിടെ, മത്സരത്തില്‍ തുടര്‍ച്ചയായ മിനുട്ടുകളില്‍ മൂന്നു താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടു. 43ാം ജൂറിന്‍ ടിംബെര്‍, 44ാം മിനുട്ടില്‍ മാര്‍കസ് അക്യൂന, 45ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ റൊമേരേ എന്നിവരാണ് മഞ്ഞക്കാര്‍ഡ് കണ്ടത്. റൊമേരോക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയത് പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു. ശേഷം 48ാം മിനുട്ടില്‍ നെതര്‍ലന്‍ഡ് സബ് സ്ട്രൈക്കര്‍ വോട്ട് വേഗ്ഹോസ്റ്റും മഞ്ഞക്കാര്‍ഡ് നേരിട്ടു. 76ാം മിനുട്ടില്‍ ഇരുടീമിലെയും ഓരോ താരങ്ങള്‍ കൂടി മഞ്ഞക്കാര്‍ഡ് വാങ്ങി. ലിസാന്‍ഡ്രോ മാര്‍ടിനെസും ഡിപേയുമാണ് നടപടി ഏറ്റുവാങ്ങിയത്. 50ാം മിനുട്ടില്‍ മിസ്സ് പാസില്‍ നിന്ന് ലഭിച്ച പന്ത് ഡെ പോള്‍ മെസ്സിയ്ക്ക് മുമ്ബിലായി ഡച്ച് പോസ്റ്റിലേക്ക് അടിച്ചെങ്കിലും നോപ്പെര്‍ട്ട് കൈവശപ്പെടുത്തി. 63ാം മിനുട്ടില്‍ മെസ്സിയെടുത്ത ഫ്രീകിക്ക് ഡച്ച് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. അതേസമയം, 59ാം മിനുട്ട് വരെ നെതര്‍ലന്‍ഡ്സ് എതിര്‍ടീമിന്റെ ബോക്സില്‍ ഒരു ഷോട്ട് പോലും ഉതിര്‍ത്തിരുന്നില്ല. രണ്ടാം പകുതിയുടെ അധിക സമയത്ത് രണ്ടു ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും നെതര്‍ലന്‍ഡ്സിന് മുതലാക്കാനായില്ല. 91ാം മിനുട്ടില്‍ നെതര്‍ലന്‍ഡ്സ് താരത്തിന്റെ കാലില്‍ തട്ടി ഗോള്‍കിക്കാവുകയും 93ാം മിനുട്ടിലെ ഫ്രീകിക്ക് അര്‍ജന്റീനന്‍ മതിലില്‍ തട്ടി ചിതറുകയുമായിരുന്നു. 113ാം മിനുട്ടില്‍ റൗത്താരോയുടെ കിടിലന്‍ ഷോട്ട് ഡച്ച് താരത്തിന്റെ ദേഹത്ത് തട്ടി കോര്‍ണറാകുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ അര്‍ജന്റീനന്‍ മുന്നേറ്റങ്ങളാണുണ്ടായത്. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.

