മലപ്പുറത്ത് അഞ്ചാംപനി പടരുന്നു; പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്‌

മലപ്പുറം: ജില്ലയില്‍ അഞ്ചാംപനി പടര്‍ന്നിരിക്കേ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടപടികള്‍ ഊര്‍ജ്ജിതമാക്കി. 43 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 426 ആയി.

ജില്ലയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള 4,70,547 കുട്ടികളില്‍ ഇതുവരെ ഒന്നാം ഡോസ് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത 69,771 പേരും രണ്ടാം ഡോസ് എടുക്കാത്ത 94,480 പേരുമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും കുത്തിവെപ്പെടുക്കാത്തവരാണ്. കല്‍പ്പകഞ്ചേരിയില്‍ 81 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം താലൂക്ക് ആശുപത്രി പരിധിയില്‍ 34 പേര്‍ക്കും പൂക്കോട്ടൂര്‍ ആരോഗ്യകേന്ദ്ര പരിധിയില്‍ 31 പേര്‍ക്കും പാങ്ങ് ആരോഗ്യകേന്ദ്രത്തില്‍ 27 പേര്‍ക്കും രോഗം റിപ്പോര്‍ട്ട്‌ചെയ്തു. താനാളൂരില്‍ 15 പേര്‍ക്കും രോഗമുണ്ട്.

അതേസമയം, ജില്ലയെ 22 ആരോഗ്യബ്ലോക്കുകളായി തിരിച്ചാണ് ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് ഒഴികെയുള്ള മറ്റ് 20 ബ്ലോക്കുകളിലും രോഗബാധയുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണംതേടി കളക്ടര്‍ വി. ആര്‍ പ്രേംകുമാര്‍ ബുധനാഴ്ച 11.30-ന് കളക്ടറേറ്റില്‍ മതസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

അഞ്ചാംപനി എങ്ങനെയാണ് പകരുന്നത്?

വൈറസാണ് രോഗം പരത്തുന്നത്. വായുവിലൂടെ അതിവേഗം പകരും. ഉമിനീര്‍ത്തുള്ളിയിലൂടെയും പകരാം. കോവിഡിനേക്കാള്‍ വ്യാപനശേഷിയുണ്ട്.

ലക്ഷണങ്ങള്‍ അറിയാം…

കണ്ണ് ചുവന്നുവരും. വായില്‍ തരിതരിപോലെ ഉണ്ടാകും. നാലഞ്ചുദിവസംകൊണ്ട് മുഖത്തും ദേഹമാസകലവും തരിതരിപോലെ പൊന്തും. ജലദോഷ ലക്ഷണങ്ങളും കാണിക്കും.

രോഗം വന്ന് കഴിഞ്ഞാല്‍…

കുറച്ചുകാലത്തേക്കെങ്കിലും രോഗപ്രതിരോധശേഷി തീര്‍ത്തും കുറയും. ഈ കാലയളവില്‍ ബാക്ടീരിയ ആക്രമണംമൂലം പലവിധ രോഗങ്ങള്‍ വരാം. വയറിളക്കം, ന്യുമോണിയ, തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് തുടങ്ങിയവ വന്നേക്കാം. അപസ്മാരത്തിനിടയാക്കും. മരണംവരെ സംഭവിക്കാം. മുംബൈയില്‍ അടുത്തകാലത്ത് എട്ടുകുട്ടികള്‍ ഈ രോഗം ബാധിച്ച് മരിച്ചു. അഞ്ചാംപനി ബാധിച്ചവര്‍ക്ക് പത്തുവര്‍ഷത്തിനുശേഷവും തലച്ചോറിനെ ബാധിക്കുന്ന പലവിധ രോഗങ്ങള്‍ വരും.

എങ്ങനെ പ്രതിരോധിക്കാം?

മീസല്‍സ് റൂബെല്ല (എം.ആര്‍) വാക്‌സിന്‍ രണ്ടുഡോസ് എടുത്താല്‍ 80-90 ശതമാനം പേര്‍ക്കും രോഗംവരാതെ കഴിയും. കുഞ്ഞ് ജനിച്ച് ഒമ്പതുമാസമാകുമ്പോള്‍ ഒന്നാംഡോസും ഒന്നരവയസ്സാകുമ്പോള്‍ രണ്ടാംഡോസും എടുക്കണം. അഞ്ചുവയസ്സിനുള്ളിലെങ്കിലും രണ്ടുഡോസും എടുത്തിരിക്കണം. അഞ്ചാംപനിയുടെ മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ ദേശീയ പ്രതിരോധ പരിപാടിയില്‍ പെടുത്തിയിരിക്കുന്ന എല്ലാ പ്രതിരോധ കുത്തിവെപ്പുകളും 16 വയസ്സിനകം എടുക്കേണ്ടതുണ്ട്. ആറായിരത്തോളം രൂപ വിലവരുന്ന വിവിധ വാക്‌സിനുകളാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്.