‘മോദിയുടെ അനുഗ്രഹം വേണം, കേന്ദ്രത്തിന്റ പൂര്‍ണ്ണ സഹകരണവും’; തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതികരിച്ച് എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.

‘ഞങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം വേണം. കോര്‍പ്പറേഷന് കേന്ദ്രത്തിന്റ പൂര്‍ണ്ണ സഹകരണം വേണം. ഞാന്‍ നിങ്ങളെയും സ്‌നേഹിക്കുന്നു. വലിയ വിജയം സമ്മാനിച്ചതിന് ഡല്‍ഹിക്ക് നന്ദി പറയുന്നു. നമുക്ക് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിന്റെയും അനുഗ്രഹാശുസുകളും നമുക്ക് വേണം’- കെജ്രിവാള്‍ പറഞ്ഞു.

അതേസമയം, 15 വര്‍ഷം ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ച ബിജെപിയെ തകര്‍ത്താണ് ആം ആദ്മിയുടെ വിജയം. കോര്‍പ്പറേഷനിലെ ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷം നേടി. രണ്ട് സീറ്റില്‍ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുമുണ്ട്. ബിജെപി 104 സീറ്റിലും വിജയിച്ചു. എന്നാല്‍, കോണ്‍ഗ്രസ് ഒമ്പത് സീറ്റിലേയ്ക്ക് ചുരുങ്ങി. ആംആദ്മി പാര്‍ട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ഡല്‍ഹി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാള്‍ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി.