സഹകരിച്ച എല്ലാവർക്കും നന്ദി; വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിൽ പ്രതികരണവുമായി അഹമ്മദ് ദേവർ കോവിൽ

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിൽ പ്രതികരണവുമായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം സമരം ഒത്തുതീർപ്പായെന്നും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് വിഴിഞ്ഞം സമരം പിൻവലിക്കാൻ പ്രതിഷേധക്കാർ തീരുമാനിച്ചത്. തത്കാലത്തേക്ക് സമരം നിർത്തുന്നുവെന്ന് സമരസമിതി അറിയിക്കുകയായിരുന്നു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഫാദർ യൂജിൻ പെരേര വ്യക്തമാക്കി

തീരശോഷണത്തെ കുറിച്ചും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്മാരല്ല. പഠനം നടത്തുകയും ആഘാതങ്ങൾ ബോധ്യപ്പെടുകയും ചെയ്താൽ സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചിട്ടുണ്ട്. വീട് നഷ്ടമായവർക്കുള്ള വാടകയായ 5,500 രൂപ പൂർണ്ണമായും സർക്കാർ നൽകും. 8,000 രൂപയായിരുന്നു സമരക്കാരുടെ ആവശ്യം. പഠനസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല.