തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്ല് ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. മറ്റന്നാള്‍ തന്നെ സബ്ജക്ട് കമ്മിറ്റിക്ക് വിടും. അടുത്ത ആഴ്ച ബില്‍ പാസാക്കാനാണ് തീരുമാനം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുക എന്നതാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട. ബില്ല് മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിക്കും.
അതേസമയം, ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ ബില്‍ നിയമമാകുകയുളളൂ. ബില്ല് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാധ്യത. ചാന്‍സലറുടെ നിയമനം അഞ്ച് വര്‍ഷത്തേക്കാണെന്നാണ് ബില്ലില്‍ പറയുന്നത്. കാലാവധി കഴിഞ്ഞാല്‍ ഒരു തവണ പുനര്‍നിയമനം നല്‍കും. സര്‍വകലാശാലയിലാകും ചാന്‍സലറുടെ ആസ്ഥാനം. വകുപ്പ് മന്ത്രിമാരായിരിക്കും പ്രോ ചാന്‍സലര്‍.

