തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സമവായ നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട് അഞ്ച് മണിയ്ക്ക് ചർച്ച നടക്കും. സമവായ ഫോർമുല രൂപീകരിക്കാനാണ് ചർച്ച നടത്തുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അതേസമയം, സമവായ നീക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ ഇടപെട്ടുള്ള മധ്യസ്ഥ ചർച്ചയുടെ തുടർച്ചയായിട്ടായിരുന്നു പുതിയ അനുനയ നീക്കങ്ങൾ.
വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ആനാവൂർ നാഗപ്പൻ കണ്ടത്. സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘർഷം ഒഴിവാക്കണമെന്നുമാണ് ആനാവൂർ നാഗപ്പൻ ചർച്ചയിൽ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. പാളയം ഇമാമും ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാന തപസ്വിയും സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

