ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിവരെ നീളും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ നിഷാന്‍ പബ്ലിക്ക് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി റെക്കോഡ് പോളിങ് സാധ്യമാക്കണമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായും അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തും.

മധ്യ-വടക്ക് മേഖലകളിലെ 14 ജില്ലയിലെ 93 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 61 പാര്‍ട്ടികളില്‍ നിന്നായി 833 പേരാണ് ജനവിധി തേടുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.