ഭിന്നശേഷി ശാക്തീകരണത്തിന്റെ താക്കോൽ വിദ്യാഭ്യാസം; ദ്രൗപദി മുർമു

ന്യൂഡൽഹി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ദേശീയ വിദ്യാഭ്യാസനയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി രാഷ്ട്രപതി ദ്രൗപദി മുർമു. ഭിന്നശേഷിക്കാരുൾപ്പെടെ എല്ലാവരുടെയും ശാക്തീകരണത്തിന്റെ താക്കോൽ വിദ്യാഭ്യാസമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് രാഷ്ട്രപതിയുടെ പരാമർശം.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം എളുപ്പത്തിൽ പ്രാപ്യമാക്കാനും ഭാഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാനും സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തണം. ശ്രവണവൈകല്യമുള്ള കുട്ടികൾക്കായി ഒന്നുമുതൽ ആറുവരെയുള്ള ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ ആംഗ്യഭാഷയിലേക്ക് പരിവർത്തനം ചെയ്തതിൽ സന്തോഷമുണ്ട്. ഇന്ത്യൻ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഭിന്നശേഷി ഒരിക്കലും തടസ്സമായി കണക്കാക്കപ്പെട്ടിട്ടില്ലെന്നും ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു.

അതേസമയം, ഭിന്നശേഷിക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ഒട്ടേറെ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരെ പ്രശംസിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.