വിഴിഞ്ഞം പ്രതിഷേധത്തിൽ സമവായനീക്കം; ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം പ്രതിഷേധത്തിൽ സമവായനീക്കം ആരംഭിച്ച് സിപിഎം. സമവായ നീക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. ർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ ഇടപെട്ടുള്ള മധ്യസ്ഥ ചർച്ചയുടെ തുടർച്ചയായാണ് പുതിയ അനുനയ നീക്കങ്ങൾ.

വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ആനാവൂർ നാഗപ്പൻ കണ്ടത്. സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘർഷം ഒഴിവാക്കണമെന്നുമാണ് ആനാവൂർ നാഗപ്പൻ ചർച്ചയിൽ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. പാളയം ഇമാമും ശാന്തിഗിരി മഠാധിപതി ഗുരുരത്‌നം ജ്ഞാന തപസ്വിയും സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വരും ദിവസങ്ങളിലും തുടർ ചർച്ചകൾ നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, വികസനം സമാധാനം എന്ന പ്രചരാണർത്ഥം തുറമുഖത്തിനായി 6 മുതൽ 9 വരെ സിപിഎം ജില്ലാ കമ്മിറ്റി പ്രചാരണ ജാഥ നടത്തുന്നുണ്ട്. പ്രചാരണം സഭക്കെതിരെ അല്ലെന്നാണ് നേതാക്കൾ വിശദമാക്കുന്നത്.