തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ച വിഷയത്തിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. നവോത്ഥാന ഗീർവ്വാണങ്ങളെല്ലാം തീവ്രമതസംഘടനകളുടേയും വോട്ടുബാങ്ക് താൽപ്പര്യങ്ങളുടേയും മുന്നിൽ തുടർച്ചയായി തട്ടിയുടയുകയാണ് കേരളത്തിലെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ശരീ അത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
പറഞ്ഞു പറഞ്ഞ് അവസാനം സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന ഫത്വയും പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുകയാണോയെന്ന് അദ്ദേഹം ചോദിച്ചു. അമ്പതുകോടി മുടക്കി മതിലുപണിഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. നരേന്ദ്രമോദിയെപ്പോലെ അമിത് ഷായെപ്പോലെ ഇഛാശക്തിവേണം. മുത്തലാക്ക് നിരോധിക്കാനും വിവാഹപ്രായം ഉയർത്താനുമൊക്കെ തീരുമാനമെടുക്കാൻ കഴിയുന്നത് ഇഛാശക്തിയുള്ളവർക്കുമാത്രമാണ്. വൈകാതെ ഏകീകൃത സിവിൽ നിയമം വരുമ്പോൾ അത് കേരളം നടപ്പാക്കില്ലെന്നും പറഞ്ഞ് വന്നേക്കരുതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
നവോത്ഥാന ഗീർവ്വാണങ്ങളെല്ലാം തീവ്രമതസംഘടനകളുടേയും വോട്ടുബാങ്ക് താൽപ്പര്യങ്ങളുടേയും മുന്നിൽ തുടർച്ചയായി തട്ടിയുടയുകയാണ് കേരളത്തിൽ. പറഞ്ഞു പറഞ്ഞ് അവസാനം സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന ഫത്വയും പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുകയാണോ?
ഇവിടെ ശരീ അത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. അമ്പതുകോടി മുടക്കി മതിലുപണിഞ്ഞതുകൊണ്ടൊന്നും കാര്യമില്ല ശ്രീ. പിണറായി വിജയൻ, ഇഛാശക്തിവേണം നരേന്ദ്രമോദിയെപ്പോലെ അമിത് ഷായെപ്പോലെ. മുത്തലാക്ക് നിരോധിക്കാനും വിവാഹപ്രായം ഉയർത്താനുമൊക്കെ തീരുമാനമെടുക്കാൻ കഴിയുന്നത് ഇഛാശക്തിയുള്ളവർക്കുമാത്രമാണ്. വൈകാതെ ഏകീകൃത സിവിൽ നിയമം വരുമ്പോൾ അത് കേരളം നടപ്പാക്കില്ലെന്നും പറഞ്ഞ് വന്നേക്കരുത്.

