തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി മലങ്കര ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീർപ്പാക്കാനുള്ള അനുനയ നീക്കത്തിന്റെ ഭാഗമായാണ് ചർച്ച. വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ലത്തീൻ സഭാ നേതാക്കൾ ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു.
ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ, സമരസമിതി ഉന്നയിക്കുന്ന പ്രധാന ആവശ്യമായ തുറമുഖ നിർമ്മാണം നിറുത്തി വയ്ക്കണമെന്ന വിഷയം ചർച്ചയിൽ തീരുമാനമായില്ല. ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലും ധാരണയുണ്ടായില്ല.
അതേസമയം, തീരശോഷണം പഠിക്കുന്നതിനുള്ള വിദഗ്ദ്ധ സമിതിയിലേക്ക് സമരസമിതി നിർദ്ദേശിക്കുന്ന ഒരാളെക്കൂടി അംഗമാക്കണമെന്ന നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്.

