ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതം; കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കൾ

തിരുവനന്തപുരം: നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.

ചലച്ചിത്രതാരം കൊച്ചു പ്രേമൻറെ നിര്യാണത്തിൽ അനുശോചിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നാടകത്തിലൂടെ സിനിമയിലെത്തുകയും അവിടെയും തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമനെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസിൽ കൊച്ചുപ്രേമനെന്ന നടനെ കുടിയിരുത്തി. ഏത് അപ്രധാന കഥാപാത്രത്തെയും കൊച്ചുപ്രേമൻ തന്റേതായ ശൈലിയിൽ പ്രേക്ഷകരിലേക്ക് ഉറപ്പിച്ചു നിർത്തി. ഇനി ആ ചിരിയും നിഷ്‌ക്കളങ്ക സംഭാഷണങ്ങളും ഇല്ലെന്ന യാഥാർത്ഥ്യം വേദനയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

പ്രശസ്ത സിനിമ- സീരിയൽ താരം കൊച്ചുപ്രേമന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി എം വി ഗോവിന്ദൻ പറഞ്ഞു. മലയാള സിനിമയിൽ എന്നെന്നും ഓർത്തു വെക്കാവുന്ന ഒരു പിടി ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അദ്ദേഹം വിട പറയുന്നത്. വിദ്യാർത്ഥിയായിരിക്കെ തന്നെ നാടക രംഗത്തേക്ക് കടന്നു വന്ന കൊച്ചുപ്രേമൻ കേരളത്തിലെ ഒട്ടുമിക്ക നാടക സമിതികളിലേയും സജീവ സാന്നിധ്യമായിരുന്നു. നാടക രചനയിലും കഴിവ് തെളിയിച്ച ഇദ്ദേഹത്തിന്റെ വിയോഗം കലാ കേരളത്തിന്റെ തീരാനഷ്ടമാണ്. കൊച്ചുപ്രേമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും കലാപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നോട്ടം, ശബ്ദ സവിശേഷത, അഭിനയമികവ് എന്നിവ കൊണ്ട് മടുപ്പ് തോന്നിപ്പിക്കാതെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരനാണ് കൊച്ചുപ്രേമനെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി. ഹാസ്യരംഗത്ത് തന്റെതായ ശൈലി കൊണ്ടുവന്ന് തൻമയത്തോടെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അഭിനയിച്ച് പ്രതിഫലിപ്പിച്ച അതുല്യപ്രതിഭ. സൗമ്യതയോടുള്ള പെരുമാറ്റം അദ്ദേഹത്തെ വലിയ സൗഹൃദ ബന്ധത്തിന് ഉടമയാക്കി.നാടകരംഗത്തും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. മലയാള സിനിമ ഏക്കാലവും ഓർമ്മിക്കുന്ന കലാകാരനായിരിക്കും കൊച്ചുപ്രേമൻ. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ സുധാകരൻ പറഞ്ഞു.