തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ 9 വിസിമാരോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹിയറിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ടു. ഡിസംബർ 12 നാണ് വൈസ് ചാന്‌സലർമാർ ഹിയറിംഗിന് ഹാജരാകേണ്ടത്. വിസിമാർക്ക് നേരിട്ട് ഹാജരാകാകുകയോ അല്ലെങ്കിൽ അഭിഭാഷകരെ ചുമതലപ്പെടുത്തുകയോ ചെയ്യാം. 12 ന് രാവിലെ 11 മണിക്ക് രാജ്ഭവനിലെത്തണമെന്ന് നിർദ്ദേശം നൽകിയാണ് വിസിമാർക്ക് ഗവർണർ നോട്ടീസ് നൽകിയത്.
യുജിസി മാർഗ്ഗ നിർദ്ദേശ പ്രകാരമല്ലാതെ നിയമിക്കപ്പെട്ട വിസിമാർക്ക് തുടരാൻ യോഗ്യതയില്ലെന്ന നിലപാടിലാണ് ഗവർണർ. നവംബർ ഏഴിനായിരുന്നു പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകാനുള്ള സമയപരിധി അവസാനിച്ചത്. യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാർ നൽകിയ വിശദീകരണം.
അതേസമയം, കുഫോസിൽ പുറത്താക്കപ്പെട്ട വി സി ഡോ. റിജി ജോണിന് വേണ്ടി സർവകലാശാല ഗവേണിംഗ് കൗൺസിൽ സുപ്രീംകോടതിയിൽ അഭിഭാഷകനെ നിയോഗിച്ചു. ഹൈക്കോടതി വിധിക്കെതിര നാലാം എതിർകക്ഷി എന്ന നിലക്കാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്നാണ് സർവകലാശാല ഗവേണിംഗ് കൗൺസിൽ വ്യക്തമാക്കുന്നത്. സർവകലാശാല ധനകാര്യ വിഭാഗത്തിന്റെ അഭിപ്രായം തേടാതെയാണ് ഈ നീക്കമെന്നതാണ് ശ്രദ്ധേയം.

