കൊച്ചി: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സർക്കാരല്ല അദാനി ഗ്രൂപ്പാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കമ്പനിയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനായി അവർ ആവശ്യം മുന്നോട്ടുവയ്ക്കുമ്പോൾ സംസ്ഥാന സർക്കാരിന് അത് എതിർക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര സർക്കാരും കോടതിയുമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദാനി പോലുള്ള നിരവധി കമ്പനികൾക്ക് കേരളത്തിൽ കേന്ദ്ര സേനയുടെ സംരക്ഷണം നൽകുന്ന സംവിധാനമുണ്ട്. കമ്പനി കോടതിയിൽ ഉന്നയിച്ച ആവശ്യം സർക്കാരിന് നിരസിക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, സിപിഎം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒൻപത് പേരുടെ മുഖചിത്രം നൽകിയിരുന്നതിൽ തന്റെ സഹോദരനടക്കം ഉൾപ്പെട്ടതിലും മന്ത്രി പ്രതികരിച്ചു. എൽഡിഎഫിലെ ഒരു മന്ത്രിയും അവരെ തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല, മന്ത്രി അബ്ദുറഹ്മാന്റെ പ്രസംഗത്തെ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇക്കാര്യത്തിലുള്ള തന്റെ മറുപടി സഹോദരൻ തന്നെ പറഞ്ഞിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സർക്കാർ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. വിഷയത്തിൽ മന്ത്രിമാരും ഉപസമിതിയും നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടുന്നില്ലായെന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ ആരോപണമാണ്. സമരത്തെ ഹൈജാക്ക് ചെയ്ത് കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് സമരസമിതിയിലെ പ്രധാനികളുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

