കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച കേസുകള്‍ പിന്‍വലിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു രജിസ്റ്റര്‍ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

കോവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയ കേസുകളാണ് അധികവും. സുപ്രീംകോടതിയുടെ വിധിയിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകള്‍ അടിയന്തരമായി പിന്‍വലിക്കാനാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി കണ്‍വീനറായ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.

അതേസമയം, ഇതിനായി ജില്ലകളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണം. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വകുപ്പുകള്‍: ഐപിസി 188 (സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കല്‍), ഐപിസി 269 (പകര്‍ച്ചവ്യാധി പടര്‍ത്തല്‍), 290 (പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പെരുമാറല്‍), കേരള പൊലീസ് ആക്ടിലെ 118 (ഇ), കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് ആക്ടിലെ 4 (2) (എ) മുതല്‍ 4 (2) (ജെ)വരെ, ദുരന്ത നിവാരണ നിയമം. ഈ വകുപ്പുകള്‍ അനുസരിച്ചുള്ള കേസുകള്‍ പിന്‍വലിക്കും.