ഗതാഗത മന്ത്രിയുടെ സഹോദരന്‍ തീവ്രവാദ ബന്ധമുള്ളയാളാണോ എന്നതില്‍ മന്ത്രിയും മുഖ്യമന്ത്രിയും മറുപടി നല്‍കണം: വി. ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത മന്ത്രിയുടെ സഹോദരന്‍ തീവ്രവാദ ബന്ധമുള്ളയാളാണോ എന്നതില്‍ മന്ത്രിയും മുഖ്യമന്ത്രിയും മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

‘തന്റെ സഹോദരന്‍ അതിന് മറുപടി പറയുമെന്നാണ് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി മോദിയ്ക്ക് പഠിക്കുകയാണെന്നും തന്നെ തീവ്രവാദിയായി ചിത്രീകരിച്ചതില്‍ ഇടതുനേതാക്കള്‍ മാപ്പുപറയണമെന്നുമായിരുന്നു മന്ത്രിയുടെ സഹോദരന്റെ പ്രതികരണം. സഹോദരന്റെ ഈ അഭിപ്രായത്തോട് ഗതാഗത മന്ത്രി ആന്റണി രാജു യോജിക്കുന്നുണ്ടോ? സി പി എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിരുന്നു. അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. ഇതില്‍ മന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കണം’- സതീശന്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ദൗര്‍ബല്യം കൊണ്ടാണെന്ന് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും തീരഗവേഷകനുമായ എ ജെ വിജയന്‍ പ്രതികരിച്ചു. ‘ഇടതുസര്‍ക്കാര്‍ മോദിയ്ക്ക് പഠിക്കുകയാണ്. കര്‍ഷക സമരത്തോട് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. തുടക്കം മുതല്‍ വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്നയാളാണെന്നുമാണ് താനെന്ന് വിജയന്‍ കൂട്ടിച്ചേര്‍ത്തു.