തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിന്റെ എ ഐ ക്യാമറകൾ പ്രവർത്തിക്കാത്തതിനാൽ സംസ്ഥാന സർക്കാരിന് പ്രതിദിനം ഒരു കോടിയോളം രൂപയാണ് നഷ്ടമാകുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ആറ് മാസം മുൻപ് തന്നെ ഇത് പ്രവർത്തനക്ഷമമായിരുന്നെങ്കിൽ നമുക്ക് ഏതാണ്ട് 280 കോടിയോളം രൂപയുടെ വരുമാനം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധനവകുപ്പ് ഫയൽ തീർപ്പാക്കിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. അൽപംകൂടെ നേരത്തെ ഇത് ശരിയാകേണ്ടതായിരുന്നു. പ്രതിദിനം ഏതാണ്ട് ഒരു കോടിയോളം രൂപ വരുമാനമാണ് നഷ്ടമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ക്യാമറകൾ സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല. എ.ഐ. ക്യാമറകളുടെ കൺസൾട്ടേഷൻ ഫീസുമായി ബന്ധപ്പെട്ട തർക്കമാണ് ഉദ്ഘാടനം നടക്കാതിരിക്കാൻ കാരണം. 726 ക്യാമറകളാണ് സർക്കാർ സ്ഥാപിച്ചത്. 236 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവഴിച്ചത്.

