വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്റെ സ്വൈര്യവും സമാധാനവും ശാന്ത ജീവിതവും തകർക്കുകയെന്ന ഹീനലക്ഷ്യത്തോടെയും വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയും ചില പ്രക്ഷോഭങ്ങൾ അക്രമ സമരത്തിലേക്ക് മാറുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആക്രമണത്തിലൂടെ അക്രമികൾ പ്രതീക്ഷിക്കുന്നതെന്താണെന്ന് തിരിച്ചറിയാൻ വിവേകമുള്ള പോലീസ് സേനയ്ക്ക് കഴിഞ്ഞതുകൊണ്ടാണ് നാട് ഇന്നത്തെ അന്തരീക്ഷത്തിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭാവിയെ കരുതി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന വികസന പ്രവർത്തനങ്ങൾ തുടരുകയും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഗെയ്ൽ പാചക വാതക ലൈൻ, ദേശീയ പാത വികസനം, ഇടമൺ -കൊച്ചി പവർ ഗ്രിഡ് എന്നതു പോലെ സമൂഹത്തിന്റെ പൂർണ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാകുക. നിലവിൽ നടന്ന അക്രമ സംഭവങ്ങളെ മുഴുവൻ രാഷ്ട്രീയ കക്ഷികളും അപലപിച്ചത് അക്രമസമരങ്ങൾക്കു പൊതു സമൂഹത്തിന്റെ പിൻതുണ ഇല്ലയെന്നതു കൊണ്ടാണ്. ബഹുദൂരം മുന്നിലേക്ക് പോയ ഒരു പദ്ധതി ഇല്ലാതാക്കുന്നതിലൂടെ കേരളത്തിന്റെ വിശ്വാസ്യതയാകും ഇല്ലാതാകുക. ഇത് നിക്ഷേപ സാധ്യതയില്ലാതാക്കുകയും തൊഴിലവസരങ്ങൾ കുറക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമരസമിതി ആവശ്യപ്പെട്ട ഏഴ് ആവശ്യങ്ങളിൽ ആറ് ആവശ്യങ്ങളും അംഗീകരിച്ച സർക്കാരാണിത്. അതിനു ശേഷം ഗൂഢാലോചന നടത്തിയും മുൻകൂട്ടി ആഹ്വാനം ചെയ്തതും പോലീസ് സ്റ്റേഷൻ ആക്രമണം നടത്തിയതും അബ്ദുറഹ്മാൻ എന്ന പേരുള്ളതുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിയെ രാജ്യദ്രോഹി എന്ന് വിളിക്കാനും കഴിയുന്നുവെങ്കിൽ പ്രതിഷേധത്തിന്റെ ദിശ മനസ്സിലാക്കാവുന്നതാണ്. ഇച്ഛാശക്തിയോടെ സംസ്ഥാന ഗവൺമെന്റ് വികസന പദ്ധതികളുമായി മുന്നോട്ട് പോവുകയും പ്രാവർത്തികമാക്കുകയും ചെയ്യും. 2025 ഓടെ ഊർജ ഉപഭോഗത്തിന്റെ 40% പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളിൽ നിന്നായിരിക്കുമെന്നും ഈ മേഖലയിൽ വൈദ്യുത വകുപ്പ് മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണ്. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുകയാണ്. വിഴിഞ്ഞത്ത് ക്രമസമാധാനം തകർക്കാൻ ആസൂത്രിത ശ്രമമാണ് നടന്നത്. ജനങ്ങളുടെ ശാന്തമായ ജീവിതം തകർക്കുക എന്ന ലക്ഷ്യത്തോടെ അക്രമസമരത്തിലേക്ക് ചില പ്രക്ഷോഭങ്ങൾ മാറുന്നു. അതിന്റെ ഭാഗമായി പൊലീസിന്റെ നേർക്ക് ആക്രമണം നടന്നു. പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്ന ആഹ്വാനങ്ങൾ പരസ്യമായി ഉയരുന്നു. ഇത് വെറും ആഹ്വാനം മാത്രമായി ഒതുങ്ങിയില്ല. ആഹ്വാനം ചെയ്തവർ ഇത്തരത്തിൽ അക്രമം സംഘടിപ്പിക്കാനും ശ്രമിച്ചു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പോലീസിന്റെ ധീരമായ നിലപാടു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.