സുനന്ദ പുഷ്‌ക്കറിന്റെ മരണം; വിചാരണ നടപടികളിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഡൽഹി പോലീസ്. 15 മാസങ്ങൾക്ക് ശേഷമാണ് ഡൽഹി പോലീസ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി ഏഴിന് ഹർജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

കേസ് സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് ഡൽഹി കോടതിയുടെ 176 പേജുള്ള ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ആത്മഹത്യ സ്ഥിരീകരിച്ചാൽ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നും കോടതി പറഞ്ഞിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡോക്ടർമാരുടെയും സാക്ഷ്യപ്പെടുത്തലുകളും സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പറയുന്നില്ല. പിന്നയെങ്ങനെ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശശി തരൂരിനെ വിചാരണ ചെയ്യാനാകും. ഒരു വിലപ്പെട്ട ജീവൻ നഷ്ടമായെങ്കിലും ഇതിൽ എന്തെങ്കിലും തെളിവുകൾ മുന്നോട്ടുവെക്കാനില്ലാത്ത സാഹചര്യത്തിൽ ക്രിമിനൽ നടപടി നേരിടണമെന്ന് തരൂരിനെ നിർബന്ധിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.