കൊച്ചി: മന്ത്രിമാരുടെ പേഴ്സണിൽ സ്റ്റാഫുകളെ നിയമിക്കുന്നതിൽ പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കെല്ലാം ഈ പരിധി ബാധകമാക്കണമെന്ന് കോടതി വ്യക്തമാക്കി. യാതൊരു കണക്കുമില്ലാതെ ആളുകളെ പേഴ്സണൽ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പേഴ്സണൽ സ്റ്റാഫ് നിയമനം സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനമാണ്. പക്ഷേ നിയമനത്തിന് നിയന്ത്രണം വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ റദ്ദാക്കണമെന്നും, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജിയിലെ മറ്റൊരാവശ്യം. കൊച്ചിയിലെ ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് നൽകിയ ഹരജിയാണ് ജസ്റ്റിസ് വി ജി അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

