തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ ഖേദ പ്രകടനം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം സെമിനാറിൽ താൻ പറഞ്ഞത് വികസനത്തിന് ആരും തടസം നിൽക്കാൻ പാടില്ലെന്നാണ്. ദേശദ്രോഹം എന്നാണ് താൻ പറഞ്ഞത്. ആരുടേയും സിർട്ടിഫിക്കറ്റ് വേണ്ട. നാവിനു എല്ലില്ലെന്ന് വച്ച് ഒന്നും പറയണ്ട. തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസ്സിലാകും. തന്നോടാരും മാപ്പ് പറഞ്ഞിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞം സമര സമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മന്ത്രി അബ്ദു റഹ്മാനെതിരെ നടത്തിയ വിവാദ പരാമർശത്തിലാണ് കേസെടുത്തത്. മതവിദ്വേഷം വളർത്താനുള്ള ശ്രമം, സാമുദായിക സംഘർഷത്തിനുള്ള ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയത്. അബ്ദു റഹ്മാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട് എന്ന പരാമർശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സംഭവം വലിയ വിവാദമായിരുന്നു. ഇതോടെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഫാ. തിയോഡേഷ്യസും ലത്തീൻ അതിരൂപതയും രംഗത്തെത്തിയിരുന്നു.
പരാമർശം വികാരവികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴയാണെന്നുമായിരുന്നു ഫാ. തിയോഡേഷ്യസ് വ്യക്തമാക്കിയത്. സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കണമെന്നായിരുന്നു ലത്തീൻ അതിരൂപതയുടെ അഭ്യർത്ഥന.

