വിഴിഞ്ഞം ആക്രമണം ഗൂഢോദ്ദേശത്തോടെ; സംയമനത്തോടെ കൈകാര്യം ചെയ്ത കേരള പോലീസിന് അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത കേരള പോലീസിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

‘വ്യക്തമായ ഗൂഡോദ്ദേശത്തോടെ നാടിന്റെ സൈ്വര്യം തകര്‍ക്കാനായിരുന്നു ശ്രമം. പൊലീസിന് നേരെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു. ഭീഷണി മാത്രമല്ല .വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഢോദ്ദേശത്തോടെയാണ് അക്രമികള്‍ വന്നത്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മാറാത്തതിന് കാരണം. പൊലീസ് സേനയെ അഭിനന്ദിക്കുന്നു’- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വിഴിഞ്ഞം പൊലിസ് കേസെടുത്തു. വിഴിഞ്ഞം തുറമുഖ സെമിനാറില്‍ ലത്തീന്‍ രൂപയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദമുണ്ടെന്ന് ഫാ.തിയോഡേഷ്യസ് വര്‍ഗീയ പരാര്‍മശം നടത്തിയത്. പരാമര്‍ശം വിവാദമായോടെ ലത്തീന്‍ സഭയും ഫാ.തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു.