കെ.കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി; തുഷാര്‍ മൂന്നാം പ്രതി

ആലപ്പുഴ: എസ്എന്‍ഡിപിയുടെ കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയും മാനേജര്‍ കെ.എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയും മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തത്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ.കെ മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവര്‍ നടത്തിയ ഗൂഢാലോചന ആണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതികള്‍ കെ. കെ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

അതേസമയം, 2020 ജൂണ്‍ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എന്‍ഡിപി ഓഫീസിനകത്ത് കെ കെ മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍, കെ. കെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. സുഭാഷ് വാസുവടക്കമുള്ള എസ്എന്‍ഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വാദം. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം.