വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. ‘വികസന വിരുദ്ധര്‍ക്ക് കേരളം വഴങ്ങില്ല. എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. അത് നടപ്പാക്കും. സമരം ഭയന്ന് ഒളിച്ചോടില്ല’- ദേശാഭിമാനിയിലെ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞം സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കുന്നു. തുറമുഖ വിഷയത്തില്‍ നാളെ ഹൈക്കോടതി കേസ് പരിഗണിച്ചതിനു ശേഷമാകും അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തത്.
വിഴിഞ്ഞത്ത് ക്രമസമാധാനപാലത്തിനായി ഡിഐജി ആര്‍. നിശാന്തിനിയെ സ്‌പെഷല്‍ ഓഫിസറായി നിയമിക്കുകയും വൈദികര്‍ ഉള്‍പ്പെടെ പ്രതികളായ കേസുകളില്‍ തുടര്‍നടപടിക്കു ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

