സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല; ഹൈക്കോടതി

കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈക്കോടതി. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്കുള്ളപ്രവേശനം രാത്രി 9.30 വരെ എന്ന നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാരിനോട് വിശദീകരം ആവശ്യപ്പെട്ടത്.

സുരക്ഷയുടെ പേരിൽ വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പോലും ഇറങ്ങരുത് എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിക്കുന്നു. വിദ്യാർത്ഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സംസ്ഥാനത്തുള്ളതെന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാവർക്കും ഒരേ നിയമം മതിയെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു. പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണങ്ങൾ വേണ്ടെന്നും സതീദേവി വ്യക്തമാക്കി. രാത്രി ഒമ്പതരയ്ക്കുശേഷം വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ പ്രതിഷേധിച്ച സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സതീദേവിയുടെ പരാമർശം.