ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിംഗ് ആരംഭിച്ചു, ജനവിധി തേടുന്നത് 788 സ്ഥാനാർത്ഥികൾ

ഗാന്ധിനഗർ: ഗുജറാത്തിൽ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു. 89 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആരംഭിച്ചത്. രാവിലെ എട്ട് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. 788 സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിൽ 718 പേർ പുരുഷന്മാരും 70 പേർ സ്ത്രീകളുമാണ്. ആംആദ്മി പാർട്ടി, ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് ശക്തമായ മത്സരം കാഴ്ച്ചവെക്കുന്നത്.

ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇശുദാൻ ഗഢ്വി, മുൻമന്ത്രി പുരുഷോത്തം സോളങ്കി, കൻവർജി ബാവലിയ, കാന്തിലാൽ അമൃതിയ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, എഎപി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇടാലിയ തുടങ്ങിയവരാണ് ആദ്യഘട്ട മത്സരരംഗത്തെ പ്രമുഖ സ്ഥാനാർത്ഥികൾ.

സൗരാഷ്ട്ര കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തുന്നത്. ജാം നഗർ നോർത്ത്, തൂക്കുപാല ദുരന്തം നടന്ന മോർബി തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യഘട്ടത്തിലാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 93 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഡിസംബർ 5 ന് ജനവിധി തേടും. ഡിസംബർ 8 നാണ് ഗുജറാത്തിൽ വോട്ടെണ്ണൽ നടക്കുക.