മന്ത്രി അബ്ദു റഹ്മാനെതിരെ നടത്തിയ വിവാദ പരാമർശം; ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. മന്ത്രി അബ്ദു റഹ്മാനെതിരെ നടത്തിയ വിവാദ പരാമർശത്തിലാണ് കേസെടുത്തത്. മതവിദ്വേഷം വളർത്താനുള്ള ശ്രമം, സാമുദായിക സംഘർഷത്തിനുള്ള ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയത്. അബ്ദു റഹ്മാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട് എന്ന പരാമർശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സംഭവം വലിയ വിവാദമായിരുന്നു. ഇതോടെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഫാ. തിയോഡേഷ്യസും ലത്തീൻ അതിരൂപതയും രംഗത്തെത്തിയിരുന്നു.

പരാമർശം വികാരവികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴയാണെന്നുമായിരുന്നു ഫാ. തിയോഡേഷ്യസ് വ്യക്തമാക്കിയത്. സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്‌നം അവസാനിപ്പിക്കണമെന്നായിരുന്നു ലത്തീൻ അതിരൂപതയുടെ അഭ്യർത്ഥന.