വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്‌

തിരുവനന്തപുരം: തുറമുഖ നിര്‍മ്മാണത്തിനെതിരെ വൈദികരുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെ വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്നു നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സംഘടനയായിരിക്കും ഉത്തരവാദിയെന്ന് പൊലീസ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി ശശികലയുടെ നേതൃത്വത്തില്‍ വൈകിട്ട് നാലിന് മുക്കോല ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് തുടങ്ങുമെന്ന് അറിയിച്ചിട്ടുള്ളത്.

അതേസമയം വിഴിഞ്ഞം പ്രത്യേക പൊലീസ് സംഘത്തിന്റെ മേധാവിയായി നിയമിച്ച ഡിഐജി ആര്‍. നിശാന്തിനി വിഴിഞ്ഞത്തെത്തി. അഞ്ച് എസ്പിമാരും എട്ട് ഡിവൈഎസ്പിമാരുമടങ്ങുന്ന പ്രത്യേക സംഘത്തെയാണ് വിഴിഞ്ഞത്ത് നിയോഗിച്ചിട്ടുള്ളത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് മദ്യനിരോധനവും പൊലീസിന്റെ കനത്ത ജാഗ്രതയും തുടരുകയാണ്. പ്രദേശത്ത് അറുന്നൂറോളം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

എന്നാല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിലുള്ളവരെയും പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.