തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തിലേറെയായി മുടങ്ങി കിടക്കുന്ന ക്ഷേമപെന്ഷന് വിതരണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ 1800 കോടി അനുവദിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്ഷന് ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്. എന്നാല്‍, കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് എല്ലാമാസവും നല്കാന് തീരുമാനിക്കുകയായിരുന്നു.
അതേസമയം, ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ അര്‍ഹരല്ലാത്തവരും കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അതിനാല്‍, അനര്‍ഹരായവരെ പെന്ഷന് പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 60 ലക്ഷത്തോളം ആളുകള്‍ക്കാണ് പ്രതിമാസം 1600 രൂപ ക്ഷേമ പെന്ഷന് നല്‍കുന്നത്.
സാമൂഹ്യസുരക്ഷ പെന്ഷന് അനര്‍ഹമായി വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 31 ന് മുമ്പ് പെന്ഷന് അനുദിക്കപ്പെട്ടവരോട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവരെ പെന്ഷന് പട്ടികയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും.

