ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമ നിയമനിര്‍മാണത്തിന് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയേക്കും. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്‌റെ നീക്കം. ഇത് ഓര്‍ഡിനന്‍സായി കൊണ്ടു വന്നത് ഗവര്‍ണര്‍ പരിശോധിക്കും മുന്‍പ് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം, സഭ പാസാക്കിയാലും ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കണം. എന്നാല്‍, ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാധ്യത. സഹകരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്ന സഹകരണ ഭേദഗതി ബില്ലും മന്ത്രിസഭക്ക് മുന്നില്‍ വന്നേക്കും. അന്ധ വിശ്വാസങ്ങള്‍ തടയാനുള്ള ബില്ലും മന്ത്രിസഭ പരിഗണിക്കും.

അതിനിടെ, കെടിയു വിസി നിയമനത്തില്‍ നിയമപോരാട്ടവുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ നീക്കം. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.സസര്‍ട്ടിഫിക്കറ്റുകള്‍ അടക്കം ഒപ്പിടുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു താത്ക്കാലിക വി സി നിയമനം. എന്നാല്‍ ഇടത് അനുകൂല സംഘടനാ ജീവനക്കാരുടെ നിസ്സഹകരണ മൂലം വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനവും ജോലിസംബന്ധമായ ആവശ്യങ്ങളും പ്രതിസന്ധിയിലാണ്. നടപടി ഉടന്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെങ്കിലും അതും നടപ്പായില്ല.