ന്യൂഡൽഹി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം. മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പുനഃപരിശോധന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് നിയമപരമായ വിഷയങ്ങളാണ്.
സംസ്ഥാന നിയമം നിലനിൽക്കുമ്പോഴും, യുജിസി ചട്ടങ്ങളാണ് നടപ്പാക്കേണ്ടത് എന്നാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കി കൊണ്ടുള്ള വിധിയിൽ വ്യക്തമാക്കിയത്. എന്നാൽ 2010ലെ യുജിസി ചട്ടങ്ങൾക്ക് നിർദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും, അത് നിർബന്ധമായും നടപ്പാക്കാൻ സർക്കാരിനോ സർവകലാശാലയ്ക്കോ ബാധ്യതയില്ലെന്നും കേരളം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുജിസി ചട്ടങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിൽ സംസ്ഥാന നിയമമാണ് നടപ്പാക്കേണ്ടതെന്ന് 2015ൽ ജസ്റ്റിസ്മാരായ എസ് ജെ മുഖോപാധ്യായ, എൻ വി രമണ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ആയിരുന്നു ഡോ രാജശ്രീ എം എസ്സിനെ വൈസ് ചാൻസലർ ആയി നിയമിക്കുമ്പോൾ നിലനിന്നിരുന്നത്. 2015ൽ രണ്ട് അംഗ ബെഞ്ച് പുറപ്പടിവിച്ച വിധി ഉയർന്ന ബെഞ്ച് മാറ്റാത്തിടത്തോളം കാലം മറ്റൊരു രണ്ട് അംഗ ബെഞ്ചിന് വ്യത്യസ്തമായ വിധി പ്രസ്താവിക്കാൻ കഴിയില്ലെന്നാണ് കേരളം ഹർജിയിൽ പറയുന്നത്.

