തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി കെ മുരളീധരൻ എംപി. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാനുള്ള ധൈര്യം സർക്കാർ കാണിക്കുന്നില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. കുറ്റിയടിച്ച ഭൂമിയിൽ ആളുകൾക്ക് ഒന്നും ചെയ്യാനാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തിനാണ് സംസ്ഥാന സർക്കാർ 56 കോടി രൂപ ചെലവഴിച്ചത്. മുഖ്യമന്ത്രി നടത്തിയത് വാചകക്കസർത്തും തള്ളും മാത്രമാണ്. മലബാറിൽ പാർട്ടി ഗ്രാമങ്ങളിൽ പോലും കെ റെയിലിന്റെ കല്ലിടാൻ സർക്കാരിന് ആയില്ല. മുഴുവൻ ഭൂമിയും ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞത്ത് സർക്കാരും അദാനിയും വാക്ക് പാലിച്ചില്ല. അതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണം. എന്താണ് വകുപ്പിന്റെ ചുമതലയെന്ന് അഹമ്മദ് ദേവർ കോവിലിന് അറിയില്ല. വേണ്ടത്ര വിവരങ്ങൾ മുഖ്യമന്ത്രിയും മന്ത്രിയ്ക്ക് നൽകിയില്ല. മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ചർച്ചയ്ക്ക് നേരിട്ട് വിളിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ സമരം സമുദായ സമരമാക്കി പിണറായി മാറ്റി. മോദിയുടെ വിഭജന തന്ത്രമാണ് മുഖ്യമന്ത്രി നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റേഷൻ ആക്രമിച്ചതിനെ പിന്തുണക്കുന്നില്ല. എന്നാൽ അതിലേക്ക് നയിച്ചത് സർക്കാരാണ്. സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കരുത്. ആശങ്കകൾ പരിഹരിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണം എന്നു പറയുന്നില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

