ന്യൂഡല്‍ഹി: രാജ്യത്ത് മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രലോഭിപ്പിച്ചോ ബലംപ്രയോഗിച്ചോ ചതിച്ചോ ഒരാളെ ഏതെങ്കിലും മതത്തിലേക്ക് മാറ്റുന്നത് മൗലികാവകാശമായി കാണാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിര്‍ബന്ധിതവും പ്രലോഭിപ്പിച്ചുമുള്ള മതപരിവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇത്തരത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും മതംമാറ്റങ്ങള്‍ നടക്കുന്ന കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
‘നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണ്. മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം എന്നത് മതം മാറ്റാനുള്ള അവകാശമല്ല. മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനാ അസംബ്ലിയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇരുപത്തിയഞ്ചാം അനുച്ഛേദത്തില്‍ പ്രചരിപ്പിക്കുക എന്ന വാക്ക് ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചാണ് പ്രധാനമായും സംവാദങ്ങള്‍ നടന്നത്. മതംമാറ്റം അതിന്റെ പരിധിയില്‍ വരില്ലെന്നു വ്യക്തമാക്കിയാണ്, ആ വാക്ക് ഉള്‍പ്പെടുത്തിയത്. ബലം പ്രയോഗിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് വ്യക്തിയുടെ ചിന്താസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. അത് സമൂഹത്തിലെ സൗഹാര്‍ദാന്തരീക്ഷം ഇല്ലാതാക്കുന്നു. അതു തടയാനുള്ള അധികാരം ഭരണകൂടത്തിനുണ്ട്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ പെട്ടവരുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ഭീഷണി തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും’- കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടന്‍ നായരാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് ഒഡീഷ, മധ്യപ്രദേശ് , ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന എന്നീ 9 സംസ്ഥാനങ്ങള്‍ ഇതിനോടകം നിയമം കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമങ്ങള്‍ ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുള്ളതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

