വിഴിഞ്ഞത്തേത് കലാപനീക്കം; സമരക്കാര്‍ ഉന്നയിച്ച ആറില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചെന്നും സിപിഎം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷം കലാപനീക്കമെന്ന് സി പി എം. ഇന്നലെയുണ്ടായ സംഭവങ്ങള്‍ക്ക് കാരണം സമര സമിതിയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ കുറ്റപ്പെടുത്തി. സമരക്കാര്‍ ഉന്നയിച്ച ആറില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശത്തും, പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലുമെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ
മറ്റ് ജില്ലകളില്‍ നിന്നും കൂടുതല്‍ പൊലീസിനെ എത്തിച്ചിട്ടുണ്ട്.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് സമര സമിതി ശനിയാഴ്ച നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ സമരക്കാര്‍ ഇന്നലെ വൈകിട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. 35 പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ എട്ട് സമരക്കാര്‍ക്കും പരിക്കേറ്റു.