കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഹൈക്കോടതി വിധി പൂർണമായി അനുസരിക്കുമെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയെ എല്ലാവരും ബഹുമാനിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ . സിസ തോമസിനെ ഗവർണർ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. ഇത്തരം ഘട്ടങ്ങളിൽ മറ്റെതെങ്കിലും സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കോ പ്രോവൈസ് ചാൻസലർക്കോ ചുമതല നൽകുകയാണ് പതിവെന്നാണ് സർക്കാർ വാദിക്കുന്നത്.
സിസ തോമസിന്റെ പേര് ആരാണ് ശൂപാർശ ചെയ്തതെന്ന് കോടതി ഗവർണറോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സർക്കാർ നിർദേശിച്ചവർ യോഗ്യരല്ലാത്തവർ ആയതിനാലാണ് സ്വന്തം നിലയ്ക്ക് കണ്ടെത്തിയതെന്നായിരുന്നു ഗവർണറുടെ വിശദീകരണം.

