ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ആദ്യ ജയം

ദോഹ: ജപ്പാനെതിരെ കോസ്റ്ററിക്കയുടെ ആദ്യ ജയം. 80-ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളറിലൂടെയാണ് കോസ്റ്ററിക്കയുടെ ഗോള്‍ പിറന്നത്. ബോക്സിന്റെ മധ്യത്തില്‍നിന്ന് തൊടുത്തുവിട്ട ഉഗ്രന്‍ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ബോക്സിന്റെ മറ്റൊരു മൂലയിലൂടെ പന്ത് വലയില്‍.

63-ാം മിനിറ്റല്‍ ബോക്സിനു തൊട്ടരികെനിന്നു ലഭിച്ച ഫ്രീകിക്ക് ജപ്പാന്‍ താരം യൂകി സോമ ഉയര്‍ത്തിയടിച്ചു. 70-ാം മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ കാല്‍വോയുടെ ഫൗളില്‍ ജപ്പാന് വീണ്ടും ഫ്രീകിക്ക്. അതും മുതലെടുക്കാനായില്ല. 84-ാം മിനിറ്റില്‍ ജപ്പാന്റെ കോ ഇതാകുറയ്ക്കും അധിക സമയത്ത് വതാറു എന്‍ഡോയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 88-ാം മിനിറ്റില്‍ ജപ്പാന്റെ കമദയുടെ ബോക്സിന്റെ മധ്യത്തില്‍നിന്നുള്ള വലങ്കാലന്‍ ഷോട്ട് കോസ്റ്ററിക്ക ഗോള്‍കീപ്പര്‍ തട്ടിയകറ്റി. ഇരുടീമുകളും വീറും വാശിയോടെ കളിച്ച ആദ്യ പകുതിയില്‍ പക്ഷെ ഗോളൊന്നും പിറന്നില്ല. പലതവണ ഇരുടീമുകള്‍ക്കും മുന്നില്‍ അവസരങ്ങള്‍ തുറന്നുലഭിച്ചെങ്കിലും ആര്‍ക്കും ലക്ഷ്യം കാണാനായില്ല. മൂന്നാം മിനിറ്റില്‍ ജപ്പാനു മുന്നിലാണ് ആദ്യ അവസരം തുറന്നത്. അയാസെ ഉവേദ നല്‍കിയ പാസില്‍ ബോക്സിനു പുറത്തുനിന്ന് റിറ്റ്ഷു ദൊവാന്റെ ഇടങ്കാലന്‍ ഷോട്ട്. പക്ഷെ, ലക്ഷ്യം കാണാനായില്ല. ആദ്യ പത്തു മിനിറ്റില്‍ തന്നെ അഞ്ച് ഫ്രീകിക്ക് അവസരങ്ങളാണ് പിറന്നത്.

രണ്ടാം മിനിറ്റില്‍ ജപ്പാന്റെ യൂടോ നാഗാത്തുമോയുടേതായിരുന്നു മത്സരത്തിലെ ആദ്യ ഫൗള്‍. ഫ്രീകിക്കെടുത്ത ഗേഴ്സന്‍ ടോറസിന് അവസരം മുതലെടുക്കാനായില്ല. അഞ്ചാം മിനിറ്റില്‍ ജപ്പാന്‍ താരം യാമനെയുടെ ഫൗളില്‍ കോസ്റ്ററിക്കയ്ക്ക് വീണ്ടും ഫ്രീകിക്ക്. പക്ഷെ കിക്കെടുത്ത ആന്തണി കോണ്‍ട്രിയസിനും ലക്ഷ്യം കാണാനായില്ല. ആറാം മിനിറ്റില്‍ റിറ്റ്ഷു ദൊവാന്റെ ഫൗളില്‍ കിക്കെടുത്ത ജോയല്‍ കാംപെലിനും കാര്യമായൊന്നും ചെയ്യാനായില്ല. തൊട്ടുപിന്നാലെ എട്ടാം മിനിറ്റില്‍ ജപ്പാനും ലഭിച്ചു ആദ്യ ഫ്രീകിക്ക്. ഇത്തവണ കോസ്റ്ററിക്കയുടെ കെയ്ഷര്‍ ഫുള്ളറുടെ ഫൗളില്‍ കിക്കെടുത്തത് യുകി സോമ. 41-ാം മിനിറ്റില്‍ കോസ്റ്ററിക്കയുടെ കോണ്‍ട്രിയാസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 44-ാം മിനിറ്റില്‍ ജപ്പാന്റെ മികി യാമനെയ്ക്കും ഫൗളിന് മഞ്ഞക്കാര്‍ഡ് കിട്ടി.