ഭോപ്പാൽ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പരിക്ക്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കിൽപ്പെട്ടാണ് അദ്ദേഹത്തിന് പരിക്കേറ്റത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് കെ സി വേണുഗോപാൽ നിലത്ത് വീഴുകയായിരുന്നു. കെ സി വേണുഗോപാലിന്റെ കൈയ്ക്കും കാൽമുട്ടിമുട്ടിനും പരിക്കേറ്റു. യാത്രാ ക്യാംപിൽ തന്നെ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വീണ്ടും അദ്ദേഹം യാത്രയിൽ പങ്കാളിയായി.
രാഹുൽ ഗാന്ധിയെ കാണാൻ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനു കഴിയാതിരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം. ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിൽ പ്രവേശിച്ചത്. പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു.
രാഹുലും പ്രിയങ്കയും തോളോടുതോൾ ചേർന്നു നടക്കുന്ന ചിത്രം കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. സച്ചിൻ പൈലറ്റും മുതിർന്ന നേതാക്കളായ ദ്വിഗ്വിജയ് സിങ്, കമൽ നാഥ് തുടങ്ങിയവരും യാത്രയിൽ പങ്കുചേർന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്ക് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. മധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലേക്കാണ് ഭാരത് ജോഡോ യാത്ര പ്രവേശിക്കുന്നത്. സെപ്തംബർ 7-നാണ് ഭാരത് ജോഡോ യാത്ര പര്യടനം ആരംഭിച്ചത്.

