കേരള കാർഷിക സർവകലാശാല ജീവനക്കാരുടെ സമരം; റിപ്പോർട്ട് തേടി ഗവർണർ

തൃശ്ശൂർ: കേരള കാർഷിക സർവകലാശാലയിൽ ജീവനക്കാർ നടത്തുന്ന സമരത്തിൽ ഇടപെടലുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമരത്തിൽ ഗവർണർ റിപ്പോർട്ട് തേടി. സർവകലാശാല വൈസ് ചാൻസലർ ചുമതല വഹിക്കുന്ന അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിത റോയിയോടാണ് ഗവർണർ റിപ്പോർട്ട് തേടിയത്. സമരം ചെയ്യുന്നവരുടെ വിവരങ്ങളും ഗവർണർ ആവശ്യപ്പെട്ടു.

കേരള കാർഷിക സർവ്വകലാശാലയിൽ കഴിഞ്ഞ 48 ദിവസമായി സമരം നടക്കുയാണ്. എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിവി സെന്നിയെ മുൻ വൈസ് ചാൻസലർ തരം താഴ്ത്തിയതാണ് സമരം ആരംഭിക്കാൻ കാരണം. സിപിഐയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വജനപക്ഷപാത നിയമനങ്ങൾക്കും ഇൻചാർജ് ഭരണത്തിനുമെതിരെ പ്രതികരിച്ചതിന്റെ വൈരാഗ്യത്തിലാണ് തരംതാഴ്ത്തലെന്നാണ് സമരക്കാർ പറയുന്നത്. സിപിഎം, സിപിഐ സർവീസ് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരാണ് സമരത്തിന് പിന്നിലെ മറ്റൊരു കാരണം.

മന്ത്രി കെ രാജന്റെ പിന്തുണയോടെ സർവകലാശാലയിലെ സിപിഎം സംഘടനകളെ തകർക്കുന്നതിനും സിപിഐ സംഘടനകൾ വളർത്തുന്നതിനും ശ്രമം നടക്കുന്നതായും സമരക്കാർ ആരോപിക്കുന്നു.