വിഴിഞ്ഞം തുറമുഖ സമരം; വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വിഴിഞ്ഞം സമര മുഖത്ത് കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.

വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങൾ പ്രതിഷേധക്കാർ തടഞ്ഞതിന് പിന്നാലെയാണ് പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പത്ത് കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിഴിഞ്ഞം സമരസമിതിയ്‌ക്കെതിരെ വധശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമരസമിതിയ്ക്ക് നേതൃത്വം നൽകുന്ന ഫാ. യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികർ കേസിൽ പ്രതികളാണ്.

തുറമുഖ നിർമാണ അനുകൂല സമിതിയിലെ പ്രവർത്തകന്റെ തല അടിച്ചുപൊട്ടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. തലയ്ക്ക് പരിക്ക് പറ്റിയയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനുകൂല സമിതിയ്‌ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, കേസിനെ ഭയക്കുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും ഫാ. യൂജിൻ പെരേര പ്രതികരിച്ചു. അതേസമയം, വിഴിഞ്ഞം തുറമുഖ സമരം തടസപ്പെടുത്തിയതോടെ ഉണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത് ഹൈക്കോടതിയെ അറിയിക്കും.