ഒന്‍പത് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യ; ഒപ്പം ഭൂട്ടാനും

ഇന്ത്യയുടെ ബഹിരാകാശ പേടകമായ പി. എസ്. എല്‍. വി സി -54 റോക്കറ്റ് രണ്ടേകാല്‍ മണിക്കൂറിലേറെ നീണ്ട ദൗത്യത്തില്‍ ഒരു തവണ ഭൂമിയെ ചുറ്റിയും രണ്ട് തവണ ഭ്രമണപഥങ്ങള്‍ മാറിയും ഓഷന്‍സാറ്റ് 3 ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ഉപഗ്രഹങ്ങളും നാല് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.

ആദ്യം ഓഷന്‍ സാറ്റ് വിക്ഷേപിച്ച റോക്കറ്റ് ഭൂമിയെ ഒന്നു വലം വച്ചാണ് എട്ട് ഉപഗ്രഹങ്ങള്‍ രണ്ടാം ഭ്രമണപഥത്തില്‍ എത്തിച്ചത്. രണ്ടുമണിക്കൂറും 17മിനിറ്റും നീണ്ട ദൗത്യം പൂര്‍ണ വിജയം. റോക്കറ്റിനെ തിരിച്ച് ഭൂമിയില്‍ ഇറക്കാമെന്നതിന്റെ സൂചനയാണിത്. മലയാളിയായ എസ്.ആര്‍ ബിജുവായിരുന്നു മിഷന്‍ ഡയറക്ടര്‍. കെ. തേന്‍മൊഴി വെഹിക്കിള്‍ ഡയറക്ടറും.

റോക്കറ്റ് വിക്ഷേപണം ഒറ്റനോട്ടത്തില്‍

ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 11.56ന് റോക്കറ്റ് കുതിച്ചു

17.17 മിനിറ്റില്‍ 742.7കി.മീറ്റര്‍ ഉയരത്തില്‍

ക്രയോജനിക് എന്‍ജിന്റെ മുകളിലെ ഉപഗ്രഹ പേടകം തുറന്നു

117കിലോ ഭാരമുള്ള ഓഷന്‍സാറ്റ് 3 ഭ്രമണപഥത്തിലേക്ക്

ക്രയോജനിക് എന്‍ജിന്‍ എട്ട് ഉപഗ്രഹങ്ങളുമായി ഭൂമിക്ക് ചുറ്റം കറങ്ങി

ഒരു മണിക്കൂറിന് ശേഷം താഴേക്ക് കുതിച്ചു

ഭൂമിക്ക് 517.7കിലോമീറ്റര്‍ അടുത്തെത്തി

ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് 528.8കിലോമീറ്റര്‍ ഉയരെ എത്തി

അവിടെ എട്ട് ഉപഗ്രഹങ്ങളും വിക്ഷേപിച്ചു

ഉച്ചയ്ക്ക് ശേഷം 2.13ന് ദൗത്യം പൂര്‍ത്തിയായായി

ഓഷന്‍ സാറ്റിലെ ഉപകരണങ്ങള്‍

സമുദ്രത്തിന്റെ കളര്‍ മോണിറ്റര്‍

സമുദ്രോപരിതലത്തിലെ താപവ്യതിയാന മോണിറ്റര്‍

കുബാന്‍ഡ് സ്‌കാറ്ററോമീറ്റര്‍

അതേസമയം, രാജ്യത്ത് സ്വകാര്യമേഖലയില്‍ നിര്‍മ്മിച്ച ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആനന്ദും ഇന്നലെ വിക്ഷേപിച്ചു. ബംഗളുരുവിലെ സ്റ്റാര്‍ട്ടപ്പ് പിക്‌സല്‍ ഇന്ത്യയാണ് നിര്‍മ്മിച്ചത്. സ്റ്റാര്‍ട്ടപ്പായ ധ്രുവ സ്‌പെയ്‌സിന്റെ തൈബോള്‍ട്ട് 1, തൈബോള്‍ട്ട് 2 ഉപഗ്രഹങ്ങളും മൊബൈല്‍ കിട്ടാത്ത സ്ഥലങ്ങളില്‍ ആശയവിനിമയവും ഇന്റര്‍നെറ്റ് സേവനവും നല്‍കാന്‍ അമേരിക്കയിലെ സ്‌പെയ്‌സ് ഫ്‌ളൈറ്റ് നിര്‍മ്മിച്ച നാല് ഉപഗ്രഹങ്ങളും ഇന്നലെ വിക്ഷേപിച്ചു. ഭൂട്ടാന്റെ ആദ്യ ഉപഗ്രഹമായ ഐ.എന്‍.എസ്.2ബിയും ഇന്നലെ വിക്ഷേപിച്ചു. ഭൂട്ടാന്റെ മുകളില്‍ ദിവസം മൂന്ന് തവണ വന്ന് ചിത്രങ്ങള്‍ പകര്‍ത്തും.