കരുതല്‍ തടങ്കലും, സ്വത്ത് കണ്ടുകെട്ടലും; ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: കേരളത്തിലെ ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ നടപടികളുമായി പോലീസ്. പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തുകണ്ടുകെട്ടാനും തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ അറിയിച്ചു. ഡിജെ പാര്‍ട്ടികളില്‍ നിരീക്ഷണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് ലഹരിക്കടത്ത് വര്‍ധിക്കുന്നതോടെയാണ് പോലീസ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തില്‍ 161 പേരെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തും കണ്ടുകെട്ടുാനുമുള്ള നടപടിക്ക് അനുമതി തേടി പട്ടിക ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

കൊച്ചിയിലെ കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിജെ പാര്‍ട്ടികള്‍ സ്ഥിരമായി നടത്തുന്നവരെയും പങ്കെടുക്കുന്നവരെയും നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.