തിരുവനന്തപുരം: തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദ്ദേശം. വിഴിഞ്ഞത്ത് സമരാനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. അവധിയിലുള്ള ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്കെത്തണമെന്നാണ് പോലീസുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വിഴിഞ്ഞത്തിനു പുറമേ മറ്റു തീരദേശമേഖലയിലും ജാഗ്രതാ നിർദേശമുണ്ട്. സജ്ജരായിരിക്കണമെന്നും തിരുവനന്തപുരത്തെ പോലീസിന് നിർദേശം ലഭിച്ചു.
അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം തുടരാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. ഞായറാഴ്ച പള്ളികളിൽ സർക്കുലർ വായിക്കും. തുടർ സമരപരിപാടികളും പ്രഖ്യാപിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ലത്തീൻ അതിരൂപതാ വികാരി ജനറാൾ ഫാ. യൂജിൻ പെരേര വിശ്വാസികൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സംഭവസ്ഥലത്ത് കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. തുറമുഖനിർമ്മാണം തടസ്സപ്പെടുത്താതെ സമരം തുടരാമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് നിർമ്മാണം പുനരാരംഭിക്കാനുള്ള നീക്കം നടന്നത്. ടോറസ് ലോറിയിൽ നിർമ്മാണസാമഗ്രികൾ എത്തിച്ചപ്പോൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാർ തടഞ്ഞു. പിന്നാലെ, തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്നവർ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സംഘർഷത്തിലേക്ക് വഴി തെളിച്ചു.
പദ്ധതി പ്രദേശത്തേക്ക് ടോറസ് ലോറികൾ കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു പദ്ധതിയെ എതിർക്കുന്നവർ. വാഹനം കടത്തിവിടണമെങ്കിൽ സമരപന്തൽ പൊളിച്ചുമാറ്റേണ്ടതുണ്ട്. ഇത് സമരക്കാർ പ്രതിരോധിച്ചതോടെയാണ് സംഘർഷം നടന്നത്. ലോറികൾക്ക് മുന്നിൽ കിടന്നും പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് വാഹനങ്ങൾ അവിടെനിന്നും മാറ്റി. നിർമ്മാണാവശ്യത്തിനുള്ള പാറക്കല്ലുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിലിരുന്നു കിടന്നും പ്രതിഷേധം നടത്തുകയായിരുന്നു.

