ലോകമെങ്ങും ഫുട്ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ കേരളം കേൾക്കുന്ന മതശാസനകൾ ദൗർഭാഗ്യകരം; വി മുരളീധരൻ

തിരുവനന്തപുരം: ഫുട്‌ബോൾ ആരാധനക്കെതിരെയുള്ള സമസ്തയുടെ നിലപാടിനെ രൂക്ഷമായി വിമർസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ലോകമെങ്ങും ഫുട്ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ കേരളം കേൾക്കുന്ന മതശാസനകൾ ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് കേരള സാംബവ സഭയുടെ എട്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

താലിബാൻ ഭരണമുള്ള അഫ്ഗാനിസ്ഥാനിലാണ് വിനോദങ്ങൾക്ക് ഇത്തരത്തിൽ വിലക്കുള്ളതായി കേട്ടിട്ടുള്ളത്. സമാനമായ മതശാസനകൾ കേരളത്തിൽ ഇറക്കാൻ ആളുകൾക്ക് ധൈര്യം കിട്ടുന്നത് എവിടെ നിന്നാണെന്ന് കേരള സമൂഹം ഉറക്കെ ചിന്തിക്കണം. ഭാരതത്തിന്റെ അടിസ്ഥാനം മതനിയമങ്ങളല്ല, ജനാധിപത്യ ,മതനിരപേക്ഷ ഭരണഘടനയാണെന്ന് ഇത്തരമാളുകളെ ഓർമിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസർക്കാരിനെ പ്രശംസിച്ചും അദ്ദേഹം സംസാരിച്ചു. ഡോ ബി ആർ അംബേദ്കർ ആഗ്രഹിച്ചതുപോലെ തൊട്ടുകൂടായ്മയും ജാതിവിവേചനവും ഇല്ലാത്ത, സാമൂഹ്യ, സാമ്പത്തിക നീതി എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പാക്കുന്ന ഇന്ത്യയാണ് കേന്ദ്രനയം. നരേന്ദ്രമോദിയെയും ബിജെപിയെയും ദളിത് വിരോധികളായി ചിത്രീകരിക്കാൻ ബോധപൂർവം ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു രാഷ്ട്രപതിയുണ്ടായത് നരേന്ദ്രമോദിയുടെ കാലത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷണത്തിന്റെ പേരിൽ ദളിതനെ തല്ലിക്കൊല്ലുന്ന സാമൂഹ്യസാഹചര്യം കേരളത്തിൽ കണ്ടതാണ്. സർക്കാർ ഉത്തരവുകളിൽ ദളിത്, ഹരിജൻ തുടങ്ങിയ വാക്കുകൾ ഒഴിവാക്കിയാൽ മാത്രം തുല്യനീതിയാകില്ലെന്ന് പിണറായി വിജയൻ മനസിലാക്കണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.