വിഴിഞ്ഞം: ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കുമെന്ന് സമര സമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കുമെന്നറിയിച്ച് മത്സ്യത്തൊഴിലാളി സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര.

‘തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അദാനി കമ്പനിക്ക് തുറമുഖ നിര്‍മ്മാണവുമായി മുന്നോട്ട് പോകാമെന്ന കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കും. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. പ്രദേശവാസികളുമായി പ്രശ്‌നങ്ങളില്ല’- അദ്ദേഹം വിശദീകരിച്ചു.

അതേസമയം, തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികള്‍ തടഞ്ഞതോടെ ഇന്നലെ വിഴിഞ്ഞത്ത് പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഒരു ലോറിയുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. സമരപ്പന്തല്‍ മറികടന്ന് മുന്നോട്ട് പോകാന്‍ ലോറികള്‍ക്ക് കഴിഞ്ഞിരുന്നില്ല.