മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല; ഫുട്‌ബോൾ ആരാധനക്കെതിരെയുള്ള സമസ്ത നിലപാടിനെ തള്ളി കെ ടി ജലീൽ

തിരുവനന്തപുരം: ഫുട്‌ബോൾ ആരാധനക്കെതിരെയുള്ള സമസ്ത നിലപാടിനെ തള്ളി മുൻമന്ത്രി കെ ടി ജലീൽ. മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ പലതിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്. അത്തരമൊരു ശപിക്കപ്പെട്ട കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്തും പ്രോൽസാഹിപ്പിക്കപ്പെടേണ്ടണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശ-ഭാഷാ-സംസ്‌കാര വ്യത്യാസമില്ലാതെ ലോകം കാൽപ്പന്തു കളിയിൽ ആരവം തീർക്കുന്ന കാഴ്ച മനോഹരമാണ്. വിയോജിപ്പും വിദ്വേഷവും വെടിഞ്ഞ് എണ്ണൂറു കോടി ജനങ്ങൾ കണ്ണും കാതും ഒരേ ദിശയിലേക്ക് കൂർപ്പിച്ചിരിക്കുന്ന ദൃശ്യം മാനവിക യോജിപ്പാണ് വിളംബരം ചെയ്യുന്നത്. ദേശാതിർത്തികൾ മറന്ന് മനുഷ്യർ ദേശീയ പതാകകൾ ഏന്തുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്ന അനുഭവം അത്യന്തം ആവേശകരമാണ്. സങ്കുചിത ദേശീയതയുടെ മതിൽകെട്ടുകളാണ് ഫുട്‌ബോൾ ആരാധകർ തകർത്തെറിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്രാജ്യത്വത്തിന്റെ പഴങ്കഥകൾ പൊടിതട്ടിയെടുത്ത് ജനമനസ്സുകളിൽ അകൽച്ച പടർത്താനല്ല ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്. മാനവിക ഐക്യത്തിന്റെ സന്ദേശ പ്രചാരണത്തിന്റെ സാദ്ധ്യതകളെ കുറിച്ചാണ് നാം ഒരുമയോടെ ആരായേണ്ടത്. ധൂർത്തിന്റെ പേരിലാണ് ഫുട്‌ബോൾ ഭ്രമത്തെ ചിലർ വിമർശിക്കുന്നത്. അങ്ങിനെയെങ്കിൽ വിവാഹ ധൂർത്തുകളും ആഢംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമർശന പരിതിയിൽ നിന്ന് ഒഴിവാക്കപ്പെടരുതല്ലോയെന്ന് അദ്ദേഹം ചോദിക്കുന്നു.

സമ്മേളന മാമാങ്കങ്ങളിലും നേർച്ചകളിലും ഉൽസവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലങ്കൃതമായ കമാനങ്ങളും സംവിധാനങ്ങളും ആർഭാടത്തിന്റെ ഗണത്തിൽ തന്നെയല്ലേ ഉൾപ്പെടുകയെന്നും അദ്ദേഹം ചോദിച്ചു. ഫുട്‌ബോളിന്റ പേരിൽ നടക്കുന്ന ‘ധൂർത്ത്’ അന്യായവും ആത്മീയതയുടെ പേരിൽ നടക്കുന്ന ‘ധൂർത്ത്’ ന്യായവുമാകുന്നതിലെ ‘യുക്തി’ദുരൂഹമാണ്. നിയമാനുസൃതം മനുഷ്യർക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ല. മക്കയുടെയും മദീനയുടെയും സൂക്ഷിപ്പുകാരായ രാഷ്ട്രവും ജനതയും കാൽപ്പന്തു കളിയിൽ കാണിക്കുന്ന ആവേശം ആഹ്ലാദകരമാണ്. മതവിലക്കുകൾ ഏറെ നിലനിൽക്കുന്ന ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ ഫുട്‌ബോളും സിനിമയും ജനങ്ങൾക്കേകുന്ന സന്തോഷം ചെറുതല്ലെന്ന് കെ ടി ജലീൽ അഭിപ്രായപ്പെട്ടു.

ദൈവം ഭയമല്ല. മതം ഭയപ്പാടുമല്ല. പടച്ചവൻ സ്‌നേഹമാണ്. വിശ്വാസം സന്തോഷമാണ്. ആത്മീയത മനുഷ്യരുടെ ആത്മ നിർവൃതിക്കാണ്. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാൻ ആർക്കെന്തവകാശം? ദയവു ചെയ്ത് മനുഷ്യരെ വെറുതെ വിടുക. അവർ പരസ്പരം ആദരിച്ചും ബഹുമാനിച്ചും ആമോദിച്ചും ജീവിക്കട്ടെയെന്നും ഒരു ജീവിതമല്ലേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.